രോഗിചമഞ്ഞെത്തിയയാള്‍ ഡോക്ടര്‍മാരില്‍നിന്ന് പണം തട്ടുന്നു
Posted on: 24 Nov 2011
തൃശ്ശൂര്‍: രോഗിയായി ഭാവിച്ചെത്തിയ ശേഷം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന ആള്‍ ജില്ലയില്‍ വിലസുന്നു. പതിനഞ്ചോളം ഡോക്ടര്‍മാരില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍തന്നെ പറയുന്നത്. എന്നാല്‍ പലരും ഇത് പുറത്തു പറയാന്‍ മടിക്കുന്നു. ഹോമിയോപതി ഡോക്ടര്‍മാര്‍ സംഘടനാതലത്തില്‍ ഡിവൈ.എസ്.പിക്കു പരാതി നല്‍കാനിരിക്കുകയാണ്. കാഞ്ഞാണിയിലെ ഒരു ഇ.എന്‍.ടി. ഡോക്ടറെയും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് സംസാരമുണ്ട്.
ഡോക്ടര്‍മാരുടെ ക്ലിനിക്കിലേക്ക് മറ്റു ജീവനക്കാരില്ലാത്ത സമയംനോക്കിയാണ് ഇയാള്‍ വരാറുള്ളത്. ഫോണില്‍ വിളിച്ച് മുന്‍കൂട്ടി അനുമതി തേടിയശേഷമാകും വരവ്. പള്ളിയിലെ പുരോഹിതനാണെന്നു പറഞ്ഞാണ് ആദ്യം വിളിക്കുക. ഒരു രോഗിയെ പറഞ്ഞയയ്ക്കുന്നുണ്ടെന്നും വേണ്ടത് ചെയ്യണമെന്നും ഡോക്ടറോട് അഭ്യര്‍ത്ഥിക്കും. തുടര്‍ന്ന് ഡോക്ടറെ സമീപിക്കുന്ന ഇയാള്‍ താന്‍ ഗുണ്ടയും കൊലപാതകിയുമാണെന്നും പോലീസില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയാണെന്നും ഡോക്ടറോട് വിശദീകരിക്കും. ഇവ നിര്‍ത്താന്‍ കൗണ്‍സലിങ് വേണമെന്ന് പറഞ്ഞാണ് ഡോക്ടറെ സമീപിക്കുക.
കൊലപാതകിയാണെന്നും മറ്റുമുള്ള വിവരണങ്ങള്‍ ചിലരെയെങ്കിലും ഭീതിയിലാഴ്ത്തും. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ കഷ്ടപ്പെടുന്ന ആള്‍ എന്നനിലയില്‍ ചിലര്‍ക്ക് സഹതാപവും തോന്നും. ഇതെല്ലാം മുതലെടുത്ത് മുവ്വായിരം രൂപവരെ ഇയാള്‍ തട്ടിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പണം നല്‍കുവാന്‍ വിസമ്മതിച്ചാല്‍ ഇയാള്‍ മടങ്ങുമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഒരു ഡോക്ടര്‍ പണംനല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഇയാള്‍ ഭീഷണിയിലേക്കു തിരിഞ്ഞു. തുടര്‍ന്നാണ് സംഘടനാ തലത്തില്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപത്‌സ് കേരളയും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനുമാണ് പരാതി നല്‍കാനൊരുങ്ങുന്നത്
No comments:
Post a Comment